Wednesday, April 9, 2014

എൻറെ ജൽപ്പനങ്ങൾ  വായിക്കാൻ മനസ്സുകാട്ടുന്ന നിങ്ങളോട് ഇതു പങ്കുവെച്ചില്ലെങ്കിൽ ........... അല്ല ;വെയ്ക്കാതിരിക്കാൻ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല ...........


                                ഇന്നലെ ഒരു പെണ്ണുകാണൽ ചടങ്ങ് നടന്നു .അങ്ങനെ പറയാൻ കഴിയുമോ എന്നറിയില്ല .കാരണം എന്റെ വീട്ടുകാരുടെ അറിവില്ലാതെ , എന്തിനേറെ .......,ഈ എൻറെ  പോലും അറിവോ സമ്മതമോ കൂടാതെ അവൻ എന്നെ കാണാൻ വന്നു .എനിക്കൊരിക്കലും അവൻ അപരിചിതനല്ല . യൗവനത്തിന്റെ മയിൽപ്പീലി സ്പർശനം അറിയുന്നതിനും മുൻപ് ,കൗമാരത്തിൻറെ കുപ്പിവളക്കിലുക്കവും പാദസര കിലുക്കവും കേൾക്കുന്നതിനും എത്രയോ മുൻപ് എനിക്കവനോട് പ്രണയം തോന്നിയതാണ് !!!!!!! പ്രണയമെന്ന വികാരം പോലും അജ്ഞാതമായിരുന്ന ബാല്യകാലത്തിൽ നിഷ്കളങ്കമായി ഞാൻ മോഹിച്ചു തുടങ്ങിയ എൻറെ കാമുകൻ ..................

                           ഇതിനു മുൻപും പലവട്ടം എന്നെ കാണുവാനായി മാത്രം അവൻ വന്നിട്ടുണ്ട് . ഇതുപോലെ അപ്രതീക്ഷിതമായി മുന്നിൽ വന്നു ഒരു സ്വപ്നത്തിലെന്ന പോലെ പുണരാതെ പുണർന്നുo ,ചുംബിക്കാതെ ചുംബിച്ചും എത്രയോ തവണ എന്റെ ഹൃദയമിടിപ്പിന്റെ കടിഞ്ഞാൻ പൊട്ടിച്ചിരിക്കുന്നു . എന്റെ പിടിവാശിക്കു മുൻപിൽ കീഴടങ്ങി ധൈര്യമുള്ള ഒരു കള്ളക്കാമുകനായി രാത്രിയുടെ യാമങ്ങളിൽ ആരുമാരും അറിയാതെ എന്റെ ചാരത്തണഞ്ഞിട്ടുണ്ട് .........ഒരായിരം സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച് എത്രയോ തവണ തനിച്ചാക്കി അകലെയെങ്ങോ പോയി മറഞ്ഞിട്ടുണ്ട് ...വിരഹത്തിന്റെ ഈ നോവിലും എനിക്കവനോട് പ്രണയമാണ്!!!!!!!!!!!!ഈ ഭൂമിയിൽ എനിക്ക് വിശ്വാസമുള്ള ഒരേയൊരു പുരുഷൻ .

                         കാത്തിരിക്കാൻ ഒരിക്കലും അവൻ എന്നോട് ആവശ്യപ്പെട്ടിട്ടില്ല . കാത്തിരിക്കട്ടേയെന്നു ഞാൻ അനുവാദവും വാങ്ങിയിട്ടില്ല . എന്നിട്ടും ഞാൻ കാത്തിരിക്കുന്നത് അവന്റെ വരവിനായാണ് . എന്റെ പ്രണയത്തിനു നിഷ്കളങ്കതയും , എന്റെ കാത്തിരിപ്പിന് വിശുദ്ധിയും ഉള്ളിടത്തോളം എൻറെ  കാത്തിരിപ്പ്‌ തുടരും . അവന് വരാതിരിക്കാനാകില്ല .. എന്തെന്നാൽ എൻറെ മനസ്സ് എന്നിലും കൂടുതൽ അവനാണ് പരിചിതം .

                       എത്ര വൈകിയാലും കൂടെ കൂട്ടാൻ അവൻ വരുമെന്ന് എനിക്ക് വീണ്ടും ബോദ്ധ്യമായി .വളരെ നാളുകൾക്കു ശേഷമാണ് വീണ്ടും ആ മുഖം ഇത്രയും  അടുത്ത് കണ്ടത് .കണ്ണുകൾ പരസ്പരം ഉടക്കിയ നിമിഷം , ചൂഴ്ന്നിറങ്ങുന്ന  നോട്ടം ഏറ്റുവാങ്ങാൻ കഴിയാതെ ....... എങ്കിലും ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി ഹൃദയമിടിപ്പിന്റെ വേഗത സഹിക്കുവാനാകാതെ , പ്രണയവും ഭയവും എനിക്കജ്ഞാതമായ എന്തെല്ലാമോ വികാരങ്ങളും കൂടിക്കുഴഞ്ഞു എന്തു ചെയ്യണമെന്നറിയാതെ ...... ഏതു  ലോകത്തിൽ എന്നറിയാതെ ഞാൻ നിന്ന നിമിഷങ്ങൾ . വാക്കുകളാൽ വരച്ചുകാട്ടാൻ കഴിയാത്ത അത്രയും മനോഹരമായ നിമിഷങ്ങൾ . വേറൊരു പുരുഷനും നല്കാൻ കഴിയാത്ത മാന്ത്രിക ലോകം .ആ നിമിഷം അവനിൽ അലിഞ്ഞു ചേർന്നിരുന്നെങ്കിലെന്നു ഒരു ലജ്ജയും കൂടാതെ ഞാൻ മോഹിച്ചു പോയി. എനിക്കു ചുറ്റും നിന്ന മനുഷ്യ കോലങ്ങളെ ഞാൻ ഗൗനിച്ചതേയില്ല . കണ്ണിലും മനസ്സിലും ആ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ .

      നിൻറെ നിശ്വാസത്തിന്റെ ചൂട് എന്റെ കവിളിൽ തലോടിയ നിമിഷം , എന്റെ   കരം നീ ഗ്രഹിച്ചിരുന്നുവെങ്കിൽ ഈ നിമിഷം നിന്നോടൊപ്പം മധുവിധു ആഘോഷിക്കുകയായിരുന്നിരിക്കണം ഞാൻ . പക്ഷേ  ഞാൻ വീണ്ടും ഭാഗ്യം കേട്ടവളായി !!!!!!!!

     വീണ്ടും വിരഹത്തിന്റെ തീച്ചൂളയിൽ ഉരുകാൻ വിട്ട് , എന്നെ തനിച്ചാക്കി  അവൻ പിന്തിരിഞ്ഞു നടന്നു . അവൻ യാത്രയാകുന്നത് നിസ്സഹായയായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ . എന്റെ മുന്നിൽ വന്ന് , എന്റെ മോഹങ്ങൾക്ക്ഒരിക്കൽക്കൂടി  ചിറകുകൾ നൽകി , പ്രാണനെ  പിടയാൻ വിട്ട് , എന്നെ തനിച്ചാക്കി അവൻ വീണ്ടും കാണാമറയത്ത് പോയിമറഞ്ഞു .............................. ഇനിയും എത്രനാൾ ഞാൻ കാത്തിരിക്കണം പ്രിയനേ , നീ എന്നെ തേടി വരുന്നതും കാത്ത്!!!!!!!!!!!!! നിന്നെ അറിയാൻ , നിന്നിൽ  അലിയാൻ .......ഇനിയും എത്രനാൾ ഞാൻ നോമ്പുനോറ്റി രിക്കണം .........................


വാൽകഷ്ണം : 30/ 3/ 2014 sunday  ഞാൻ ഒരു വണ്ടിക്ക്  അടയാകേണ്ടതായിരുന്നു . എന്തുചെയ്യാം ......... ആ സന്തോഷ വാർത്ത കേൾക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലാതെ പോയി . എൻറെ  കാമുകനൊപ്പം പോകാൻ എനിക്കും സമയമായില്ല . പക്ഷെ ഒരിക്കൽ ഞാൻ പോകും .... പിങ്ക് നിറമുള്ള വസ്ത്രമണിഞ്ഞു കണ്ണുനീരില്ലാത്ത ലോകത്തിൽ അവനോടൊപ്പം എല്ലാം മറന്നുറങ്ങാൻ ഞാൻ പോകും .....................